തിരുവനന്തപുരം: രാജ്യവ്യാപകമായ ജനാധിപത്യ ധ്വംസനത്തിനാണ് വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലൂടെ കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നും അതിനു തെരഞ്ഞെടുപ്പ് കമ്മീഷനെ ചട്ടുകമാക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ബിഹാർ മോഡലിലുള്ള വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണം കേരളം ഉൾപ്പടെ രാജ്യമാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് തിടുക്കത്തിൽ ആരംഭിച്ചിട്ടുള്ളത്. കേരളത്തിൽ എസ്ഐആർ നടപ്പാക്കാനുള്ള നടപടി ക്രമങ്ങളിലേക്കു കമ്മീഷൻ കടന്നുകഴിഞ്ഞു. അതിന്റെ ഭാഗമായി നിലവിലെ വോട്ടർപട്ടിക മരവിപ്പിച്ചു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെ വിവരശേഖരണം നടത്തി ഡിസംബർ ഒന്പതിനു കരട് വോട്ടർപട്ടിക പുറത്തുവിടാനാണ് കമ്മീഷന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാമെന്ന അഭ്യർഥന തെരഞ്ഞെടുപ്പ് കമ്മീഷണർ തള്ളിയിരിക്കുകയാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ നീക്കമാണ് കമ്മീഷൻ ആരംഭിച്ചിട്ടുള്ളതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയെക്കുറിച്ച് ചോദിച്ചപ്പോൾ വിജ്ഞാപനം ആയില്ലല്ലോ എന്ന മറുപടി ഏറെ ആശങ്ക ഉളവാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി രാജ്യത്തെ ജനാധിപത്യ സംവിധാനംതന്നെ അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
എസ്ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.